തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍
തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന് ഗോകുല്‍ പറഞ്ഞു.
റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്റെ സഹോദരന് ജിതിന്. ഇതിനിടയില്‍ മദ്യപിച്ച് എത്തിയ വേലപ്പനുമായി തര്‍ക്കമുണ്ടായി. ഈ സംഭവമറിഞ്ഞാണ് താനും അച്ഛനും അവിടെ എത്തിയത്. ഇതിനിടെ വേലപ്പന് കത്തിയുമായി വന്ന് അച്ഛനെയും സഹോദരനെയും കുത്തുകയായിരുന്നുവെന്ന് ഗോകുല്‍ പറഞ്ഞു.
പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്(62), ജിതിന് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.