കത്ത് വിവാദം; സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കത്ത് വിവാദത്തില്‍ ക്രൈബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം അപ്രസക്തമാണ്. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രനും കോടതിയിൽ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സർക്കാരും മേയറും നിലപാട് അറിയിച്ചത്. കേസ് ഈ മാസം 30ലേക്ക് മാറ്റി.
വിവാദകത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മേയറുടെയും നഗരസഭ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.കത്ത് നിർമ്മിച്ചത് നഗരസഭയിൽ നിന്നാണോ എന്ന് കണ്ടെത്താനാണു കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി എടുക്കുന്നത്.
ലെറ്റർ പാഡ് മേയറുടെ ഓഫീസിൽ നിന്ന് കൈക്കലാക്കിയോ എന്ന് സ്ഥിരീകരിക്കുക കൂടി ക്രൈം ബ്രാഞ്ച് ലക്ഷ്യം വെയ്ക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും.കമ്പ്യുട്ടറുകളും പരിശോധിക്കും.കത്ത് പ്രചരിച്ചത് വാട്‌സാപ്പിലൂടെ ആയതിനാൽ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനകൾക്കും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.അതേ സമയം പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയാണ്. യുവമോർച്ചയും കെ എസ് യുവും ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചു നടത്തും.