പഴനിയിലെ മലയാളി ദമ്പതികളുടെ ആത്മഹത്യ; സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി കൗൺസിലർ
പഴനിയിലെ മലയാളി ദമ്പതികളായ രഘുരാമനും ഉഷക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി കൗൺസിലർ. ഇരുവർക്കും മറ്റു പ്രശ്നങ്ങളുള്ളതായി അറിയില്ല. രഘുരാമൻ കൂലിപ്പണി എടുത്താണ് കുടുംബം നോക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമൻ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും ആത്മഹത്യാ കുറിപ്പിലുണ്ട്. സിപിഐഎം, ബിജെപി, കോൺഗ്രസ് പാർട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നു.
കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർ പഴനിയിലെത്തിയത്.