ടിഎംസി ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം: ബംഗാളിൽ പൊലീസുകാരന് വെടിയേറ്റു
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. നോർത്ത് 24 പർഗാനാസിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്രഭാത് സർക്കാർ എന്ന പൊലീസുകാരനാണ് വെടിയേറ്റത്. സംഭവത്തിൽ 41 ടിഎംസി പ്രവർത്തകർ അറസ്റ്റിലായി.
പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ അവസാനിച്ചത്. സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പ്രഭാത് സർക്കാരിന് വെടിയേറ്റു. പൊലീസ് ഓഫീസർ ചികിത്സയിലാണ്. അതേസമയം ടിഎംസി ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പണം പിരിച്ചെടുക്കാനും മമതാ ബാനർജിയുടെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനും സംസ്ഥാന പൊലീസ് പ്രവർത്തിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
സംഭവത്തിൽ ഭരണകക്ഷി ഇതുവരെ പ്രതികരിച്ചിട്ടില്ല.