ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ സൗരാഷ്ട്ര മേഖല ഇത്തവണ നിർണ്ണായകമാകും
ഗുജറാത്തിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ സൗരാഷ്ട്ര മേഖല ഇത്തവണ നിർണ്ണായകമാകും. 48 സീറ്റുകൾ ഉള്ള മേഖലയിൽ കഴിഞ്ഞ തവണ കോണ്ഗ്രസ് മേൽകൈ നേടിയിരുന്നു. പാട്ടീദാർ വോട്ടുകൾ നിർണ്ണായകമായ മേഖല തിരിച്ചു തിരിച്ചു പിടിക്കാനാണ് ഇത്തവണ ബിജെപിയുടെ ശ്രമം.എന്നാൽ കാർഷിക വിഷയങ്ങൾ ഏറെ സ്വാധീനിക്കുന്ന സൗരാഷ്ട്രയിൽ അടിയോഴുക്കുകൾ ഏറെ നിർണ്ണായകമാണ്.
ഗുജറാത്തിന്റെ മൂന്നിൽ ഒന്ന് പ്രദേശം ഉൾകൊള്ളുന്നതാണ് പോർബന്ധറും, ദ്വാരകയും, രാജ്‌കോട്ടും ഉൾപ്പെടുന്ന സൗരാഷ്ട്ര മേഖല. സൗരാഷ്ട്രയിലെ 48 സീറ്റുകളിൽ 28 എണ്ണവും 2017 ൽ കോണ്ഗ്രസ് നേടി. പാട്ടീദാർ പ്രക്ഷോഭത്തിന് പിന്നാലെവന്ന തെരഞ്ഞെടുപ്പിൽ, ഹാർദിക് പട്ടേൽ അടക്കമുള്ള നേതാക്കൾ ഒപ്പം നിന്നതാണ് കോൺഗ്രസ്സിന് സഹായകമായത്.മേഖലയിലെ 9 മണ്ഡലങ്ങളിൽ പാട്ടീദാർ ഭൂരിപക്ഷ മണ്ഡലങ്ങളാണ്.സംവരണ പ്രക്ഷോഭം ഇത്തവണ പ്രസക്തമല്ല, ഹാർദിക് അടക്കമുള്ള നേതാക്കൾ ബിജെപി പക്ഷത്തു ചേർന്നു.
പാട്ടീദാർ വോട്ടുകൾ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് 3 പാർട്ടികളും.
ബിജെപി 45ഉം, കോണ്ഗ്രസ് 42-ഉം ആം ആദ്മി പാർട്ടി 46-ഉം പാട്ടിദാർ സ്ഥാനാർഥികളെയാണ് ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്നത്.
കർഷക വോട്ടുകൾ നിർണ്ണായകമായ മേഖലയിൽ ,നിശബ്ദ പ്രചാരണത്തിലൂടെ കോണ്ഗ്രസ് ഭരണ വിരുദ്ധ വികാരം ശക്തമായി ഉയർത്തിട്ടുണ്ട് എന്നാണ് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. നരേന്ദ്ര മോദിയെ ലക്ഷ്യം വക്കാതെ , ഗുജറാത്ത് സർക്കാരിനെ തിരെയാണ് കോണ്ഗ്രസ് പ്രചരണം.
മേഖലയിലെ മറ്റൊരു നിർണ്ണായക ശക്തിയായ ഒബിസി വിഭാഗത്തെ കോണ്ഗ്രസ് ഒപ്പം നിർത്തുമ്പോൾ, എസ് സി വിഭാഗങ്ങൾക്കിടയിലാണ് ആം ആദ്മി പാർട്ടിയുടെ പിന്തുണ. ഈ അടിയോഴുക്കുകൾ മനസിലാക്കി സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചണ് പ്രധാന മന്ത്രി ഇക്കുറി കൂടുതൽ റാലികളും നടത്തിയത്.