3% തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോ
മൂന്ന് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഫുഡ് ഓർഡറിംഗ് ആപ്പ് സൊമാറ്റോ. ജീവനക്കാരുടെ സ്ഥിരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചു. ഇതിൽ കൂടുതലൊന്നും പറയാൻ ഇല്ലെന്നും വക്താവ് എൻഡിടിവിയോട് പറഞ്ഞു.
കുറഞ്ഞത് 100 ജീവനക്കാരെയെങ്കിലും തീരുമാനം ബാധിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രക്രിയ നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഏകദേശം 3,800 ജീവനക്കാരുണ്ടായിരുന്നു. കൊവിഡിനെത്തുടർന്ന് 2020 മെയ് മാസത്തിൽ സൊമാറ്റോ അവസാനമായി 520 ജീവനക്കാരെ അല്ലെങ്കിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. കൂടാതെ കമ്പനിയുടെ ഉന്നത സ്ഥാനത്തിരുന്ന മൂന്നുപേർ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ രാജിവച്ചിരുന്നു.
സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത വെള്ളിയാഴ്ചയാണ് രാജിവച്ചത്. നാലര വർഷത്തെ സേവനത്തിന് ശേഷമാണ് ഗുപ്ത വിടവാങ്ങുന്നത്. 2018 ൽ കമ്പനിയിൽ ചേർന്ന അദ്ദേഹം സൊമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന് നേതൃത്വം നൽകി. 2020 ൽ കമ്പനി അദ്ദേഹത്തെ സഹസ്ഥാപകനായി ഉയർത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 434.9 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ നഷ്ടം 250.8 കോടി രൂപയായി കുറഞ്ഞു. അതേസമയം, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 62.20 ശതമാനം ഉയർന്ന് 1,661.3 കോടി രൂപയായി.