Wednesday, April 16, 2025
National

രാജസ്ഥാന്‍ പ്രശ്‌നത്തില്‍ യാതൊരു നടപടിയുമില്ല; തീരുമാനങ്ങളെടുക്കാന്‍ വൈകുന്നു; ഖര്‍ഗെക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. ഖര്‍ഗെ പ്രധാന വിഷയങ്ങള്‍ പരിഗണിക്കാതെ വൈകിപ്പിക്കുന്നതായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. രാജസ്ഥാന്‍ പ്രശ്‌നം, പ്രതിപക്ഷ ഐക്യം മുതലായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകി എന്നാണ് ആരോപണങ്ങള്‍. പാര്‍ട്ടിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിക്കാത്തതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഖര്‍ഗെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയെന്ന് ചില നേതാക്കള്‍ ആരോപിക്കുന്നു. അജയ് മാക്കന്‍ രാജസ്ഥാന്റെ ചുമതലയില്‍ നിന്ന് പിന്മാറിയതിന് തുടര്‍ച്ചയായാണ് വിമര്‍ശനം.

ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അജയ് മാക്കന്റെ പിന്മാറ്റം. സെപ്തംബര്‍ 25ന് സമാന്തര പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തതില്‍ അശോക് ഗെഹ്‌ലോട്ടിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുക്കാത്തതിലാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാള്‍, പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി, രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ധര്‍മ്മേന്ദ്ര എന്നിവര്‍ക്കെതിരെ എഐസിസി നടപടിയെടുക്കാത്തതിലാണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ടാകുന്നത്.

മൂന്ന് പേര്‍ക്കെതിരെയും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരാന്‍ തനിക്ക് ധാര്‍മികമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജയ് മാക്കന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചത്. ഗുരുതരമായ ഒരു അച്ചടക്കലംഘനം നടന്നെങ്കിലും അതിനെതിരെ ഒരു നടപടിയുമുണ്ടായില്ലെങ്കില്‍ താന്‍ സ്ഥാനത്ത് തുടരുന്നതിന്റെ അര്‍ഥമെന്താണെന്ന് അജയ് മാക്കന്‍ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *