Saturday, October 19, 2024
Kerala

ഗവർണർക്കെതിരെ സെനറ്റിന് പ്രമേയം പാസാക്കാനാകില്ല, വിമർശനവുമായി ഹൈക്കോടതി 

കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖന്റെ ‘പുറത്താക്കൽ’ നടപടിയ്ക്കെതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കവേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗവർണർക്കെതിരെ സർവകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സെനറ്റിന് ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിൽ എതിർപ്പുണ്ടെങ്കിൽ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കുന്നത് മറ്റന്നാളത്തെ സെനറ്റ് യോഗത്തിൽ പരിഗണിക്കില്ലെന്ന് സർവകലാശാല കോടതിയിൽ അറിയിച്ചു. 

അതേ സമയം, വൈസ് ചാൻസിലറില്ലാതെ സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാൻ ആകില്ലെന്നും ഇക്കാര്യത്തിൽ കോടതിക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. നോമിനിയെ നിർദ്ദേശിക്കാൻ ഉദ്ദേശമില്ലെങ്കിൽ, തുറന്ന് പറയണമെന്ന് നിർദ്ദേശിച്ച കോടതി, വിവാദം തീർക്കാൻ സർവകലാശാലക്ക് താൽപ്പര്യമില്ലേയെന്നും ചോദിച്ചു.

സെർച്ച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കുന്നത് അജണ്ടയിൽ ഇല്ലെന്ന് സർവകലാശാലയും കോടതിയെ അറിയിച്ചു. നിയമനത്തിന് കോടതി ഉത്തരവിട്ടാൽ അത് യൂണിവേഴ്സിറ്റിയെ അറിയിക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്സിറ്റി, ചാൻസലർക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോ എന്ന് പരിശോധിച്ചോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സെനറ്റ് അംഗങ്ങളുടെ ഹർജി കോടതി, അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. നവംബർ 4 ന് ശേഷം വീണ്ടും യോഗം ചേരാൻ കഴിയുമോയെന്ന് അറിയിക്കാൻ സർവ്വകലാശാല സമയവും തേടി. 

Leave a Reply

Your email address will not be published.