Thursday, January 23, 2025
Kerala

കഞ്ചാവ് ഉപയോഗിച്ച ശേഷം ഓട്ടോ ഓടിച്ചു, ‘എബോൺ’ ടെസ്റ്റിൽ കുടുങ്ങിയത് 4 ഓട്ടോ ഡ്രൈവർമാർ

തൃശൂർ: കഞ്ചാവ് ,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനായി തൃശ്ശൂരില്‍ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 4 ഓട്ടോ ഡ്രൈവർമാർ. ഏഴ് പേരെ പരിശോധിച്ചതിൽ നാല് പേരും കഞ്ചാവ് ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നതായി കണ്ടെത്തി. നൂതന പരിശോധന സംവിധാനമായ ‘എബോൺ’ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാനത്ത് തന്നെ ഇതാദ്യമായിട്ടാണ് ഇത്തരം പരിശോധന നടത്തുന്നത്.

തൃശൂർ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്താണ് പരിശോധന നടത്തിയത്. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയവരിൽ മൂന്ന് പേർ കഞ്ചാവും ഒരാൾ കഞ്ചാവും ആംഫിറ്റമിനും ഉപയോഗിച്ചതായി കണ്ടെത്തി. ലഹരിയുപയോഗിച്ചയാളുടെ മൂത്രമോ, ഉമിനിരോ തുള്ളികളായി ഈ ടെസ്റ്റ് കിറ്റില്‍ ഒഴിച്ചാണ് പരിശോധന. ഒഴിച്ചയുടന്‍ ഏത് ഇനം ലഹരി വസ്തുവാണോ ഉപയോഗിച്ചത്, ആ പേരിന് നേരെ മാത്രം ചുവന്ന വര വരില്ല. മറ്റ് ഇനങ്ങളിലെല്ലാം ചുവന്ന വര അടയാളപ്പെടുത്തും. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അത് ഏത് ഇനത്തിൽപ്പെട്ടതാണെന്നതടക്കം തൽസമയം അറിയാനാവുന്നതാണ് ‘എബോൺ’ ടെസ്റ്റ്.

ഓട്ടോ ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിൻറെ മിന്നൽ പരിശോധന. അടുത്ത ദിവസം മുതല്‍ സ്വകാര്യ ബസുകളില്‍ ഉള്‍പ്പടെ പരിശോധന ശക്തമാക്കാനാണ് പോലീസിന്‍റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *