Sunday, April 13, 2025
Kerala

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ ആഭരണവും കാണിക്കവഞ്ചികളിലെ പണവും കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന്‍ സ്വര്‍ണവും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും നല്‍കാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്.

തുടര്‍ന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാണിക്ക വഞ്ചികളില്‍ ധാരാളം പണം ഉണ്ടായിരുന്നതായാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. കവര്‍ച്ച നടത്തിയവര്‍ക്കായുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കി.

ക്ഷേത്രത്തിന്റെ ശ്രീകോവിലും രണ്ട് ഓഫീസുകളും കുത്തി തുറന്ന നിലയിലായിരുന്നു. സി സി ടി വി ക്യാമറകളുടെ പ്രവര്‍ത്തനം വിച്ഛേദിച്ച ശേഷം ഹാര്‍ഡ് ഡിസ്‌ക്കും മോഷണം നടത്തിയവര്‍ കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *