Thursday, January 23, 2025
Kerala

കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്തം; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന്‍ ജയില്‍മോചിതനായി

കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്ത കേസില്‍ ശിക്ഷിപ്പെട്ട മണിച്ചന്‍ ജയില്‍മോചിതനായി. പിഴത്തുക ഒഴിവാക്കിയ സുപ്രിംകോടതി ഉത്തരവിന് പിന്നാലെയാണ് മണിച്ചന്റെ മോചനം. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന്‍ പുറത്തിറങ്ങുന്നത്.

മണിച്ചന്റെ മോചനത്തിന് 30 ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവ് തേടിയാണ് മണിച്ചന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും 30 ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാന്‍ കഴിയൂ എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പിഴത്തുക കെട്ടിവക്കാത്തത് കൊണ്ട് മാത്രം മണിച്ചന്‍ വീണ്ടും ശിക്ഷയനുഭവിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് മോചനം സാധ്യമായത്.

മണിച്ചന്‍ ജയില്‍ മോചിതനാകുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ ദുരന്തത്തില്‍ ഇരകളായവര്‍ പ്രതികരിച്ചിരുന്നു. മദ്യദുരന്തത്തിന് കാരണമായ മരുന്ന് മണിച്ചന്‍ കൊടുത്തുവെന്നത് സത്യമാണെങ്കിലും പക്ഷേ അത് മണിച്ചനെ പറ്റിച്ചതാണെന്നും ഇരകളായവര്‍ പ്രതികരിച്ചിരുന്നു.

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രന്‍ മണിച്ചന്‍. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് മണിച്ചന്‍ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *