യുവതിയുടെ പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ജാമ്യം
പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെയാണ് പരാതിക്കാരിയുടെ ഭാഗം കോടതി കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എൽദോസിന്റെ ഫോണുകൾ പിടിച്ചെടുക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. 22-ാം തീയതി അന്വേഷണ സംഘത്തിന് മുന്നിൽ എൽദോസ് ഹാജരാകണം.
പീഡനക്കേസിൽ താൻ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ കോൺഗ്രസ് നേതൃത്വത്തോട് വിശദീകരിച്ചിരുന്നു. നടപടിക്കു മുൻപ് തന്റെ ഭാഗം കേൾക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എൽ.എ അഭിഭാഷകൻ മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് ശേഷം വിശദമായ വിശദീകരണം നൽകാനാണ് തീരുമാനം. പരാതിക്കാരിക്കെതിരായ കേസുകളുടെ വിവരങ്ങളും എൽദോസ് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്