സർക്കാർ ഉറപ്പിൽ വിശ്വസിച്ച് നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി
എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിർത്തുന്നതെന്ന് ദയാബായി പറഞ്ഞു.അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങൾ അറിയിച്ചത്. ആദ്യത്തെ രേഖയിൽ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോൾ തിരുത്തി നൽകിയെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തിവന്നിരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തിയിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ് സമരം തുടർന്നുകൊണ്ടിരുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.