Friday, January 10, 2025
Kerala

പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നു, മഹാമാരി ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടൽ; കെ.കെ ശൈലജ

പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മറുപടി നിരവധി തവണ നിയമസഭയ്ക്ക് അകത്തു പുറത്തും പറഞ്ഞതാണ്. ഗുരുതരമായ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടലായിരുന്നു. ലോകായുക്തയോടും ഈ മറുപടി തന്നെ നൽകും. ലോകായുക്ത കേസെടുക്കുകയല്ല നോട്ടിസ് നൽകുകയാണ് ചെയ്തത്. തീരുമാനം സർക്കാർ തീരുമാനം, സർക്കാർ ഒരുമിച്ചെടുത്തതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അമിത വില നൽകിയാണ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങൾ വാങ്ങിയതെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് കാലത്ത് അമിതവിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരഴിമതിയുമില്ലെന്നുമാണ് കെകെ ശൈലജ പ്രതികരിച്ചത്. വിഷയത്തില്‍ കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് ലോകായുക്ത നോട്ടിസയച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ് നായരുടെ ഹര്‍ജിയിലാണിത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ്, ഗ്ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *