നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പടെ 3 പേർ മുങ്ങി മരിച്ചു
ബന്ധുവീട്ടിൽ വിരുന്ന് വന്ന നവദമ്പതികൾ പുഴയിൽ കാൽ വഴുതിവീണ് ഒഴുക്കിൽ പെട്ട് മരിച്ചു. രക്ഷിക്കാനിറങ്ങിയ ബന്ധുവിനെയും മരണം തട്ടി എടുത്തു. ഇടുക്കിയിലെ പൂപ്പാറയ്ക്കടുത്ത് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം. പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേരാണ് മുങ്ങി മരിച്ചത്. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണു മരിച്ചത്.
ഒരു മാസം മുൻപായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. ഇരുവരും സഞ്ജയുടെ വീട്ടിൽ വിരുന്നിന് എത്തിയതാണ്. ഇന്നലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് രാജയും കാവ്യയും പാറയിൽ കാൽവഴുതി വെള്ളത്തിൽ വീണത്.
ഒഴുക്കിൽപെട്ട ദമ്പതികളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ സഞ്ജയും അപകടത്തിൽപെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്കു മുൻപാണു നാട്ടിലേത്തിയത്.