ഇലന്തൂർ നരബലി; മൃതദേഹങ്ങളിൽ ആന്തരികാവയവങ്ങൾ ഇല്ലെന്ന് പൊലിസ്
കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളിൽ ചില ആന്തരികാവയവങ്ങൾ ഇല്ലെന്ന് പൊലീസ്. അവയവങ്ങൾ മുറിച്ചു മാറ്റിയ ശേഷം ഇവ പിന്നീട് കുഴിയിൽ തന്നെ നിക്ഷേപിച്ചു എന്ന് പ്രതികളുടെ മൊഴി. നരബലിയുടെ ഭാഗമായാണ് അവയവങ്ങൾ മുറിച്ച് മാറ്റിയത് എന്ന് സംശയം. ആന്തരികാവയവങ്ങൾ വിൽക്കാൻ പ്രതികൾ ശ്രമിച്ചോയെന്നും അന്വേഷിക്കും.
നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിരുന്നു. ലൈല ഒഴികെ ഷാഫിയും ഭഗവൽ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറിൽ വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി.
കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്ജിൽ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയിൽ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്.
മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയേയും മര്‍ഫിയേയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണം പിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഭഗവൽ സിങ്ങിന്റെ വീട്ടിൽ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച്ചും പരീക്ഷണം നടത്തിയിരുന്നു.