അന്ധവിശ്വാസം തടയാൻ ബില്‍: നടപടികൾ വേഗത്തിലാക്കാൻ നിർദേശം
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവില്‍ പ്രാക്ടീസസ് ടോര്‍ച്ചറി ആന്‍ഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടില്‍ മാറ്റം വരുത്തി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാനാണ് ആഭ്യന്തര, നിയമ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇരു വകുപ്പുകളും ഇതിനനുസരിച്ച് ആഭ്യന്തര-നിയമ സെക്രട്ടറിമാര്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. നിയമസഭയിൽ ബിൽ ആയിത്തന്നെ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.