Wednesday, April 16, 2025
Kerala

ദുർമന്ത്രവാദത്തിൻറെ മറവിൽ നടന്ന നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നത്’; പൊലീസിന്റെ ഗുരുതര വീഴ്‌ചയെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഹീനമായ നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദൈവത്തിൻറെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിൽ തന്നെയാണ് ഇത് നടന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊലയാളികളിൽ ഒരാൾ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്ന വാർത്ത ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ഇടപെടലുകളുണ്ടാകാതെയുള്ള നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത് നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

ആദ്യ മിസിംഗ് കേസിൽ പൊലീസ് അന്വേഷണം നടന്നില്ലെന്നാണ് വ്യക്തമാകുന്നത്. രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസ് ലഭിച്ചപ്പോൾ മാത്രമാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇക്കാര്യത്തിൽ പൊലീസിൻറെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *