Sunday, April 13, 2025
Kerala

കളർകോഡ് നിർബന്ധം; കളർകോഡ് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കുമെന്ന് ​ഗതാ​ഗത മന്ത്രി

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. കളർകോഡ് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കും. ഓരോ രൂപ മാറ്റങ്ങളും വേവെറ നിയമലംഘനമായി കണക്കാക്കും. ഓരോ നിയമലംഘനത്തിനും 10,000 രൂപ വീതം പിഴയീടാക്കുമെന്നും ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് കേരളത്തിൽ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായി നേരിടാനാണു പിഴത്തുക ഉയർത്തുന്നത്. ബസുകളുടെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാറ്റം വരുത്തിയാല്‍ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനൽ കേസെടുക്കും. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കില്ല. ബസുകൾ രൂപമാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ത്രിതല പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ആർടിഒ ഓഫിസിന്റെ കീഴിലുള്ള ബസുകളുടെ എണ്ണമെടുത്ത് നിശ്ചിത ബസുകളുടെ ചുമതല ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഉദ്യോഗസ്ഥന്റെ പേരിലും നിയമ നടപടി സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥർ ആഴ്ച തോറും ബസുകൾ പരിശോധിക്കും. ഇതിനു മുകളിൽ സൂപ്പർ ചെക് സെല്ലും ഉണ്ടാകും. പരിശോധനാ നടപടികളിൽ ഓരോ ആഴ്ച്ചയും റിവ്യൂ മീറ്റിംഗ് നടത്തും. ബസുകൾ നിയമലംഘനം വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കമെന്നും മന്ത്രി പറഞ്ഞു.

വേഗത നിയന്ത്രണ യൂണിറ്റിൽ മാറ്റം വരുത്തുന്ന മുഴുവൻ പേർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഹൈക്കോടതിയുടെ ഉത്തരവുകൾ കർശനമായി നടപ്പാക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വാഹനങ്ങളെ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല. ലഹരി ഉപയോഗിക്കുന്ന ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. തുടർ പരിശീലനത്തിന് ശേഷം മാത്രമേ ലൈസൻസ് പുനസ്ഥാപിക്കൂ. നിയമലംഘനത്തിനു ലൈസൻസ് റദ്ദാക്കിയാൽ റിഫ്രഷ്മെന്റ് കോഴ്സുകളിൽ പങ്കെടുക്കണം. കോഴ്സ് പൂർത്തിയായാലേ ലൈസൻസ് പുതുക്കി നൽകൂ.

കോൺട്രാക്റ്റ് ക്യാരേജുകൾക്ക് വെള്ളയിൽ നീല ബോർഡറാണ് നിറം. എല്ലാ വാഹനങ്ങളും എത്രയും വേഗം ഈ നിറത്തിലേക്കു മാറണം. എല്ലാ വാഹനങ്ങളിലും ജിപിഎസ് നിർബന്ധമാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഫ്രീ മൂവ്മെന്റ് റദ്ദാക്കി. നവംബർ ഒന്നു മുതൽ ഈ വാഹനങ്ങൾക്കു നികുതി ഈടാക്കും. വാഹനം രൂപമാറ്റം വരുത്തുന്ന വർക്‌ഷോപ്പ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നും ആന്റണി രാജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *