Tuesday, April 15, 2025
National

പാര്‍ലമെന്ററി സമിതികളുടെ തലപ്പത്ത് പ്രതിപക്ഷത്തെ വെട്ടിനിരത്തി കേന്ദ്രം; കോണ്‍ഗ്രസിനും ടിഎംസിക്കും സ്ഥാനനഷ്ടം

പ്രധാന പാര്‍ലമെന്ററി സമിതികളിലെ അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കി കേന്ദ്രം. കോണ്‍ഗ്രസിന് രണ്ട് അധ്യക്ഷ പദവികള്‍ നഷ്ടപ്പെട്ടു. ഐടി സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശശി തരൂരിന് പകരം ശിവസേനാ എം പി പ്രതാപ് റാവു ജാദവിനെ നിയമിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിഗ്‌വിക്ക് നഷ്ടമായി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസിന് 23 അംഗങ്ങള്‍ ലോക്‌സഭയില്‍ ഉണ്ടെങ്കിലും ഒരു സമിതിയുടെ അധ്യക്ഷ സ്ഥാനം പോലും നല്‍കിയിട്ടില്ല.

കോണ്‍ഗ്രസിന് ജയ്‌റാം രമേശിന് അധ്യക്ഷ സ്ഥാനം മാറ്റിവച്ചിട്ടുണ്ട്. 24 അംഗങ്ങളുള്ള ഡിഎംകെയ്ക്ക് മൂന്ന് അധ്യക്ഷ പദവികള്‍ ലഭിച്ചപ്പോള്‍ ടിഎംസിക്ക് മുഴുവന്‍ പദവികളും നഷ്ടമായി. അധ്യക്ഷ പദവികളിലെ മാറ്റത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശനവുമായി രംഗത്തെത്തി.

പാര്‍ലമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട 24 സ്റ്റാന്റിങ് കമ്മിറ്റികളാണുള്ളത്. പ്രതിപക്ഷ അംഗങ്ങള്‍ക്കും ഈ സമിതികളില്‍ സ്ഥാനം നല്‍കുക പതിവാണ്. ഈ രീതിയിലാണ് നിലവില്‍ മാറ്റം വന്നതും കോണ്‍ഗ്രസിനടക്കം സ്ഥാനങ്ങള്‍ നഷ്ടമായതും. ഒരു വര്‍ഷമാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്റെ പദവിയുടെ കാലാവധി. ഒരു വര്‍ഷത്തിന് ശേഷം പുതുക്കി നല്‍കുന്നതാണ് രീതി. ഇത്തവണ പുതുക്കി നല്‍കാനുള്ള ഘട്ടത്തിലാണ് പ്രതിപക്ഷ അംഗങ്ങളെ കേന്ദ്രം ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *