മാമ്പഴ മോഷണം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
മാമ്പഴ മോഷണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ പി.വി.ഷിഹാബിനെയാണ് സസ്പെൻഡ് ചെയ്തത്. ഷിഹാബ് പൊലീസ് സേനക്ക് കളങ്കം ചാർത്തി. പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നാണ് മാമ്പഴം മോഷ്ടിച്ചത്. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളെജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.
രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.