Thursday, January 9, 2025
Kerala

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: ആരോഗ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. ഡോക്ടറുടെ അനാസ്ഥ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ കാരണമായെന്നാണ് പരാതി ഉയര്‍ന്നത്. യുവതിക്ക് പ്രസവവേദന വന്ന സമയത്ത് ഡോക്ടര്‍ ഓപ്പറേഷന് തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

വിനീത്, രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ആശുപത്രി അധികൃതരോ സൂപ്രണ്ടോ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല.

മരിച്ചു പോയ കുട്ടിയുടെ അമ്മൂമ്മ ഓമനയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അവര്‍ പറയുന്നതനുസരിച്ച് ബുധനാഴ്ചയാണ് യുവതിയെ പ്രസവത്തിനായി അടൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. മികച്ച സൗകര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി തന്നെയാണ് അടൂരിലേത്. സീറോ ഡെത്ത് ആണ് ആശുപത്രിയിലെ നവജാത ശിശു മരണനിരക്കിലുള്ളത്.

വ്യാഴാഴ്ച പ്രസവവേദന അറിയിച്ചിട്ടും ഡോക്ടര്‍ എത്തിയില്ല. കഠിനമായ വേദന കൊണ്ട് പെണ്‍കുട്ടി കരഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും വിവരം അറിയിച്ചു. പക്ഷേ അപ്പോഴൊന്നും വേണ്ട ചികിത്സ ലഭ്യമാക്കാനോ ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാനോ തയ്യാറായില്ല. പിന്നീട് യുവതിക്ക് അനക്കമില്ല എന്ന് മാതാവ് തന്നെയാണ് ഡോക്ടറെയും നഴ്‌സുമാരെയും അറിയിച്ചത്. അതിനുശേഷം ഇവരുടെ ബന്ധുക്കളില്‍ നിന്ന് നിരവധി പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഒരു ഓപ്പറേഷന്‍ നടത്താന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലാണ് ഡോക്ടറിനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *