ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെ ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് പുലർച്ചെ ഷോപിയാൻ ജില്ലയിലെ ചിത്രഗാം മേഖലയിൽ മറ്റൊരു ഏറ്റുമുട്ടൽ ആരംഭിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ ഉധംപൂരിൽ നടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്.
“ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ ഏരിയയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും തെരച്ചിൽ തുടരുന്നു. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു” കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കുൽഗാം ജില്ലയിലെ അവ്ഹോതു ഗ്രാമത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്മീരിലെ ഉധംപൂർ നഗരത്തിൽ ഏഴ് മണിക്കൂറിനുള്ളിൽ രണ്ട് യാത്രാ ബസുകളിൽ ഭീകരർ നടത്തിയ സ്‌ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഈ സ്‌ഫോടനങ്ങൾക്ക് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളാണെന്ന് പോലീസ് ഭയക്കുന്നു. സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.