Thursday, January 23, 2025
Kerala

വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനമില്ല; പ്രതിഷേധവുമായി സ്ത്രീകളുടെ രാത്രി നടത്തം

വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെ വൈപ്പിനിലെ സ്ത്രീകളുടെ രാത്രി നടത്തം. വഞ്ചി സ്ക്വയറിൽ നിന്നും മേനക വരെയുള്ള രാത്രി നടത്തം നടി അന്ന ബെൻ ഫ്ലാഗ് ഓഫ് ചെയ്തു.

വൈപ്പിനടക്കമുള്ള ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം പണിതിട്ട് 18 വർഷം കഴിഞ്ഞു. അന്ന് മുതൽ വൈപ്പിനിൽ നിന്ന് നഗരത്തിലേക്ക് ബസ് സർവീസുണ്ടെങ്കിലും ദ്വീപുകളിൽ നിന്നുള്ള ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. ഹൈക്കോടതി ജംഗ്ഷൻ വരെ മാത്രമാണ് സർവീസ് അനുമതി. കൊച്ചിയിലെ മറ്റിടങ്ങളിൽ നിന്നുള്ള ബസുകൾക്കെല്ലാം നഗരത്തിലേക്ക് പ്രവേശനമുണ്ട്. വൈപ്പിന്‍ സ്വദേശി കൂടിയായ സിനിമ താരം അന്ന ബെന്‍ തന്റെ നാട്ടുകാരുടെ യാത്രാ പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയത് ഏറെ ചര്‍ച്ചയായിരുന്നു. പഠന കാലത്ത് താനും ബസുകൾ മാറിക്കയറി ഏറെ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടെന്ന് അന്ന ബെൻ പറയുന്നു.

വൈപ്പിൻ ഭാഗത്ത് നിന്നുള്ള സ്വകാര്യ ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം നൽകണമെന്ന് നാറ്റ് പാക് റിപ്പോർട്ടിലുണ്ട്. ഇത് നടപ്പാക്കണമെന്നും, ദ്വീപുകളിൽ നിന്നുള്ള ബസുകളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നുമാണ് ആവശ്യം.

ചലച്ചിത്രതാരം കൈലാഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നടി പൗളി വിൽസൺ അടക്കമുള്ളവർ രാത്രി നടത്തത്തിൽ പങ്കെടുത്തു. എറണാകുളം വഞ്ചി സ്ക്വയറില്‍ നിന്ന് ആരംഭിച്ച രാത്രി നടത്തം മേനക ജങ്ഷനിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *