കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബിസിസിഐ; അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും
കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. കൊച്ചിയിൽ സ്റ്റേഡിയം നിർമിക്കാനാണ് ശ്രമം. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ജയേഷ് ജോർജ് പ്രതികരിച്ചു.
നാളെ തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ആദ്യ ടി-20 മത്സരം കാണാനെത്തുമ്പോഴാവും ഗാംഗുലി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. നിലവിൽ ഇത് മാത്രമാണ് കേരളത്തിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം. പുതിയ സ്റ്റേഡിയം നിർമിക്കുന്നതിനൊപ്പം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ടെന്ന് ജയേഷ് ജോർജ് പറഞ്ഞു. അങ്ങനെയെങ്കിൽ കേരളത്തിൽ രണ്ട് രാജ്യാന്തര സ്റ്റേഡിയങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.