മതവിശ്വാസത്തില്‍ ഇടപെട്ടിട്ടില്ല; ഹിജാബ് ക്യാമ്പസില്‍ വേണ്ടെന്ന് മാത്രമാണ് പറഞ്ഞത്; കര്‍ണാടക സര്‍ക്കാര്‍
കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയത്തില്‍ മതപരമായ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍. ശിരോവസ്ത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
ക്യാമ്പസുകളിലെ ക്ലാസ് മുറിക്കപ്പുറം ഹിജാബ് നിരോധനം നിലവിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ നിലപാട് ‘മത നിഷ്പക്ഷത’ ആണെന്നും കോടതിയില്‍ വാദിച്ചു.
ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ ഹിജാബ് നിരോധിച്ചിട്ടുണ്ടെന്നും എന്നാല്‍ അവിടുത്തെ സ്ത്രീകള്‍ക്ക് മതവിശ്വാസമില്ലാതായിട്ടില്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ നവദ്ഗി സുപ്രിംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്.