സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസ്; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ സെക്രട്ടറി പി.മോഹനന്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പൊലീസിനെതിരെ സിപിഐഎം. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിമര്‍ശനം.
സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നേരെയും സിപിഐഎം കുറ്റപ്പെടുത്തലുണ്ടായി. സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടക്കുന്നു. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നു. തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിലും പൊലീസിന്റെ പെരുമാററം എന്നും പി മോഹനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ അടക്കമുള്ളവരാണ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികള്‍.