അവള്‍ ഇനി മടങ്ങിവരില്ല; ശിരോവസ്ത്രത്തിന്റെ പേരില്‍ ഇറാന്‍ ‘മതപൊലീസ്’ കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി
ഇറാനില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മഹ്‌സ അമിനി ചൊവ്വാഴ്ച കോമ സ്‌റ്റേജിലേക്ക് എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയില്‍ വച്ചാണ് മഹ്‌സയുടെ മരണം സംഭവിച്ചത്.
ഇറാനിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ് ‘മത പൊലീസി’ന്റെ ക്രൂരതയ്ക്കിരയായി മരണപ്പെട്ട മഹ്‌സ അമിനി. ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഹ്സ കോമ സ്റ്റേജിലേക്ക് എത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു.
സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്‌റാനില്‍ എത്തിയതായിരുന്നു മഹ്‌സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ടെഹ്‌റാന്‍ പൊലീസിന്റെ ഒരു സംഘം മഹ്‌സയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിലായിരുന്നു പൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്. മഹ്‌സയെ അന്ന് തന്നെ തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ സംഘം, എതിര്‍ത്തപ്പോള്‍ സഹോദരന്റെ കൈകള്‍ പുറകിലേക്ക് കെട്ടി കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മഹ്‌സയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഏറെ ഗുരുതരമായിരുന്ന യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കുണ്ടായിരുന്നത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് മഹ്‌സയുടെ കുടുംബം ആരോപിക്കുന്നത്. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മഹ്‌സയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇറാനില്‍ കനത്ത രോഷത്തിന് കാരണമായിരുന്നു.
ഇറാനില്‍ സ്ത്രീകള്‍ വസ്ത്രധാരണത്തിന്റെയും ശിരോവസ്ത്രത്തിന്റെയും പേരില്‍ നേരിടുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാകുകയാണ് മഹ്‌സ എന്ന 22കാരി. ‘സദാചാര പട്രോളിംഗ്’ എന്നാണ് പൊലീസിന്റെ ഈ ആക്രമണങ്ങള്‍ അറിയപ്പെടുന്നത്.
അതേസമയം കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മഹ്‌സ കാണിച്ചിരുന്നെന്ന് ടെഹ്‌റാന്‍ പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസിന്റെ ഈ വാദഗതി കള്ളമാണെന്നും മഹ്‌സയെ കൊണ്ടുപോകുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
പ്രശസ്ത ഇറാനിയന്‍ ഫുട്‌ബോള്‍ താരമായ അലി കരിമി മഹ്‌സ ആശുപത്രിയില്‍ കിടക്കുന്ന ചിത്രം സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു. ഇറാന്റെ ഭാവി ഒരു സ്ത്രീ ആണ് എന്നായിരുന്നു പോസ്റ്റിനൊപ്പമുള്ള അലി കരിമിയുടെ വാക്കുകള്‍. മഹ്‌സയുടെ മരണവാര്‍ത്ത വന്നതിന് പിന്നാലെ ‘എന്റെ രാജ്യം അനാഥമാണ്’ എന്ന് കരിമി കുറിച്ചു. ഫുട്‌ബോള്‍ താരങ്ങളടക്കം നിരവധി പേരാണ് മഹ്‌സയുടെ മരണത്തിന് പിന്നാലെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. Mahsa Amini,