Friday, January 10, 2025
National

ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി. സിആര്‍പിസി 156(3) പ്രകാരം നല്‍കിയ ഹര്‍ജിയിലാണ് കോടതി. ജലീലിനെതിരെ കേസെടുക്കണമെന്ന് കാട്ടി താന്‍ നല്‍കിയ അപ്പീലിലും പരാതിയിലും ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ ജി എസ് മണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
ജലീലിനെതിരെ കേസെടുക്കാനും അന്വേഷണം പൂര്‍ത്തിയാക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ഹര്‍ജിക്കാരന്റെ ഉള്‍പ്പെടെ മൊഴികള്‍ പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും ജലീലിന് സമന്‍സ് നല്‍കുക.

കെടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ഹര്‍ജി.

ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ മണി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. ഇതിനു തുടര്‍ച്ച ആയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എസ്എച്ച്ഓ രാഹുല്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് അന്വേഷിക്കുക.

വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *