ഓളപ്പരപ്പിൽ ആവേശം; ആറന്മുള വള്ളംകളിയിൽ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് കിരീടം
പത്തനംതിട്ട : ഓളപ്പരപ്പിൽ ആവേശം സൃഷ്ടിച്ച് ആറന്മുള ഉത്രട്ടാതി ജലമേളയിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂർ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടം വിജയം നേടി. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തിൽ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, ളാക–ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.
പ്രളയം, കൊവിഡ് എന്നിവ മൂലം താളം തെറ്റിയ വള്ളംകളി ഇടവേളയ്ക്ക് ശേഷം ഇക്കുറി പൂർണ തോതിൽ നടത്തപ്പെട്ടതിനാൽ വലിയ ആവേശമാണ് ഉണ്ടായിരുന്നത്. ആയിരങ്ങളാണ് വള്ളംകളി കാണാനെത്തിച്ചേര്‍ന്നിരുന്നത്. 50 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുകയെന്നതാണ് ആറന്മുളയിലെ പ്രത്യേകത. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് ഇത്തവണ വള്ളംകളി നടന്നത്