Friday, January 24, 2025
Kerala

അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ; എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികൾ; ഗിരിജയുടെ മാംഗല്യത്തിനായി ഒരു നാട് ഒന്നിച്ചത് ഇങ്ങനെ

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട് അമ്മയ്‌ക്കൊപ്പം അനിയത്തിക്കുമൊപ്പം അഗതി മന്ദിരത്തിലെത്തിയ ഗിരിജയെ വളർത്തുമകളായാണ് ആ നാട് കണ്ടിരുന്നത്.

വേങ്ങര പറമ്പിൽപടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ ഇന്ന് രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി.

ദിവസങ്ങളായി തങ്ങളുടെ വളർത്ത് മകളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു നാട്ടുകാർ. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി. കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ. എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികൾ സാഹോദര്യത്തിന്റെ പുതു സന്ദേശം ഓതി.

വിവാഹത്തിന് പി.കെ കുഞ്ഞാലിക്കുട്ടി എത്തി വധുവിനും വരനും ആശംസകൾ നേർന്നു. കുഞ്ഞാലിക്കുട്ടി വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *