Thursday, January 23, 2025
National

പാനീയത്തിൽ കലർത്തി നൽകിയതെന്ത്? സൊനാലി ഫോഗട്ട് കേസന്വേഷണം സിബിഐക്ക് കൈമാറിയേക്കും 

മുംബൈ : നടിയും ബിജെപി നേതാവുമായി സൊനാലി ഫോഗട്ടിന്‍റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. ആവശ്യമെങ്കിൽ അന്വേഷണം പൊലീസിൽ നിന്നും സിബിഐയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ശുപാർശ ചെയ്യണമെന്ന് പ്രമോദ് സാവന്ദിനോട് ആവശ്യപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണർത്തി സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം.

സൊനാലി രാത്രി ചെലവഴിച്ച റസ്റ്റോറന്‍റിലേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ 5 പേരാണ് പൊലീസിന്റെ പിടിയിലായത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലി ചെലവഴിച്ച റസ്റ്റോറന്‍റിന്‍റെ ഉടമയടക്കം അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എന്തൊക്കെയാണ് പാനീയത്തിൽ കലർത്തി നടിക്ക് നൽകിയതെന്നറിയാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.

ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിയെകൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പിഎ സുധീർ സാംഗ്വാൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചതിനാൽ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റസ്റ്റോറന്‍റിലെ സിസിടിവിയിൽ നിന്നും കിട്ടിയിട്ടുമുണ്ട്.വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്‍റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് റസ്റ്റോറന്‍റ് ഉടമ എഡ്വിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണ് സംഭവം നടന്ന ദിനം ഉപയോഗിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *