അട്ടപ്പാടി മധുവധക്കേസിൽ ഇന്ന് സാക്ഷിവിസ്താരം പുനരാരംഭിക്കും
അട്ടപ്പാടി മധുവധക്കേസിൽ ഇന്ന് സാക്ഷിവിസ്താരം പുനരാരംഭിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം നിർത്തിവെച്ച സാക്ഷിവിസ്താരമാണ് വീണ്ടും തുടങ്ങുന്നത്.25 മുതലുളള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.
കേസിൽ 13 സാക്ഷികൾ കൂറുമാറിയതിനെതുടർന്ന് സാക്ഷികളെ സ്വാധീനിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.ഈ ഹർജി തീർപ്പാക്കും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.അതേസമയം ജാമ്യം റദ്ദാക്കിയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതിൽ മൂന്നുപേരെ റിമാൻഡ് ചെയ്തിരുന്നു.
മറ്റുള്ളവർക്കായി അഗളി പൊലീസിന്റെ നേതൃത്വത്തിൽ പ്രതികളുടെ വീടുകൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒമ്പതുപേർ ഇപ്പോഴും ഒളിവിലാണ്. രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാംപ്രതി പി.സി.ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോൻ, പതിനൊന്നാംപ്രതി അബ്ദുൽ കരീം, പന്ത്രണ്ടാംപ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.