ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസ്; രണ്ട് മലയാളികളും പ്രതികള്‍
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും പ്രതികള്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേരില്‍ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിജയ് നായര്‍ അഞ്ചാം പ്രതിയും അരുണ്‍ രാമചന്ദ്രപിള്ള പതിനാലാം പ്രതിയുമാണ്.
മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്‌സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്‌സിക്യുട്ടീവ്‌സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഡല്‍ഹിയില്‍ 2021 നവംബറില്‍ നടപ്പാക്കിയ മദ്യനയത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നു എന്ന ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയുടെ ശുപാര്‍ശയിലാണ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. പുതിയ മദ്യനയം സംബന്ധിച്ച രേഖകള്‍ പിടികൂടിയതായി സിബിഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി അടക്കം 7 സംസ്ഥാനങ്ങളിലായി 21 ഇടങ്ങളില്‍ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.
അതേസമയം അന്താരാഷ്ട്രതലത്തില്‍ വന്ന പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നെന്ന് ബിജെപിയും പ്രതികരിച്ചു. ആദ്യമായല്ല ആം ആദ്മി നേതാക്കള്‍ക്കെതിരെ അഴിമതിയില്‍ പെടുന്നതെന്നും, ന്യൂ യോര്‍ക് ടൈംസിലേതു പൈഡ് ന്യൂ സ് ആണെന്നും ബിജെപി മറുപടി നല്‍കി.
ഡല്‍ഹിയിലെ വിദ്യാഭ്യാസ മികവിനേക്കുറിച്ച് മനീഷ് സിസോദിയയുടെ ചിത്രമടക്കം ന്യൂ യോര്‍ക് ടൈംസ് പത്രത്തില്‍ റിപ്പോര്‍ട്ട് വന്നതിനാലാണ് ഇന്ന് തന്നെ റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ആരോപിച്ചു. പുതിയ മദ്യനയം സംബന്ധിച്ച ചില രേഖകള്‍ പിടികൂടിയതായും എന്നാല്‍ പണമൊന്നും ഇത് വരെ കണ്ടെത്താന്‍ ആയിട്ടില്ലെന്നുമാണ് സിബിഐ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം.
എന്നാല്‍ മുഴുവന്‍ പണവും അധികാരവും ഉപയോഗിച്ച് ന്യൂ യോര്‍ക് ടൈംസില്‍ വാര്‍ത്ത വരുത്താന്‍ ആം ആദ്മി പാര്‍ട്ടി ബിജെപിയെ വെല്ലുവിളിച്ചു. സിബിഐക്കെതിരെ പ്രതിഷേധവുമായി എത്തിയ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സിസോദിയയുടെ വീടിനു മുന്നിലും ബി ജെപി ഓഫീസിന് മുന്നിലുംപൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.