പ്രണയാഭ്യർത്ഥന നിരസിച്ചു; ബിഹാറിൽ പെൺകുട്ടിയെ പരസ്യമായി വെടിവച്ചു
പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പട്ടാപ്പകൽ വെടിവച്ചു. ബീഹാർ തലസ്ഥാനമായ പട്നയിലാണ് സംഭവം. കോച്ചിംഗ് കഴിഞ്ഞ് മടങ്ങും വഴിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തിൽ വെടിയേറ്റത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ദ്രപുരിയിൽ ഇന്നലെ രാവിലെ 7.30നാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 16 കാരിക്ക് വെടിയേറ്റത്. ആസൂത്രിതമായ ആക്രമണമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തോക്കുമായി എത്തിയ യുവാവ് വഴിയിൽ കാത്തു നിൽക്കുന്നതും, പെൺകുട്ടിയെ പിന്തുടർന്ന് വെടിവയ്ക്കുന്നതും, ശേഷം ഓടിപ്പോകുന്നതിന്റെയും ദൃശ്യം പൊലീസിന് ലഭിച്ചു.
മുമ്പ് മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയം പെൺകുട്ടി പ്രതിയെ പ്രണയിച്ചിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടായി, ഒടുവിൽ പെൺകുട്ടി ബന്ധം അവസാനിപ്പിച്ചു. പിന്നാലെ വിദ്യാർത്ഥിനി മറ്റൊരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറി. ഇതിൽ പ്രകോപിതനായ മുൻ കാമുകൻ പെൺകുട്ടിയെ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് 200 മീറ്റർ മാത്രം അകലെയാണ് പെൺകുട്ടിയുടെ വീട്.
പ്രതിയായ മുൻ കാമുകൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. ജക്കൻപൂർ സ്വദേശിയാണ് പ്രതി. അതേസമയം പുതിയ സർക്കാർ രൂപീകരിച്ച ശേഷം ബിഹാറിൽ ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുകയാണ്.