ബലാൽസംഗത്തിനിരയായ വിദ്യാർത്ഥിനി നിർബന്ധിത ഗർഭഛിദ്രത്തിനിടെ മരിച്ചു
ഉത്തർപ്രദേശിലെ വാരണാസിയിൽ ബലാൽസംഗത്തിനിരയായ വിദ്യാർത്ഥിനി നിർബന്ധിത ഗർഭഛിദ്രത്തിനിടെ മരിച്ചു. 22 കാരിയുടെ മരണത്തിൽ കാമുകനും ഡോക്ടർ ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തു. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാരാണസിയിലെ ചോലാപൂരിലാണ് സംഭവം. ഏറെ നാളായി പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. വിദ്യാർഥിനി ഗർഭിണിയായതോടെ ഗർഭച്ഛിദ്രം നടത്താനായി നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയിൽ എത്തി. അഞ്ച് മാസം ഗർഭിണിയായ യുവതിയെ, യുവാവ് ആശുപത്രിയിലെത്തിച്ച് ബലം പ്രയോഗിച്ച് അലസിപ്പിക്കാന്‍ ശ്രമിച്ചു. ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥി മരിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാൻ തുടങ്ങിയതോടെ ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. ബന്ധുക്കളുടെ പരാതിയിൽ, പ്രതികളായ പ്രദുമ്ന യാദവ്, അനുരാഗ് ചൗബെ, ആശുപത്രി ഓപ്പറേറ്റർ ഷീല പട്ടേൽ, ഡോ. ലാലൻ പട്ടേൽ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമ്മയുടെ മരണശേഷം പെൺകുട്ടി മുത്തച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.