Thursday, January 23, 2025
Sports

ബോക്സിംഗിൽ ഇന്ത്യക്ക് സ്വർണം; വനിതാ ഹോക്കിയിൽ വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിൽ നീതു ഗൻഗാസ് ആണ് സ്വർണം നേടിയത്. ഇംഗ്ലണ്ടിൻ്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവർണ നേട്ടം കുറിച്ച നീതു സൂപ്പർ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടത്. ഇതോടെ ഇക്കൊല്ലം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ വേട്ട 14 ആയി.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ന്യൂസീലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. 16 വർഷങ്ങൾക്കു ശേഷമാണ് കോമൺവെൽത്ത് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്.

Read Also: Commonwealth Games 2022 ക്രിക്കറ്റിൽ ഇന്ന് ഫൈനൽ; ചരിത്ര മെഡലിലേക്ക് പാഡുകെട്ടി ഇന്ത്യയും ഓസ്ട്രേലിയയും

വനിതകളുടെ ബാഡ്മിൻ്റൺ സിംഗിൾസിൽ പിവി സിന്ധു മെഡലുറപ്പിച്ചു. സെമിഫൈനലിൽ സിംഗപ്പൂരിൻ്റെ ജിയ മിൻ യിയോയെ കീഴടക്കിയ താരം ഫൈനലിലെത്തി. സ്കോർ 21-19, 21-17.

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ന് ഫൈനൽ നടക്കും. ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ആകെ പരാജയപ്പെട്ടത് ഓസ്ട്രേലിയക്കെതിരെ മാത്രമാണ്. കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലിലും ഇന്ത്യ വീണത് ഓസീസിനു മുന്നിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഈ പോരാട്ടം തീരെ എളുപ്പമാവില്ല.

ആവേശം നിറഞ്ഞ സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഓസ്ട്രേലിയ ആവട്ടെ ന്യൂസീലൻഡിനെ കീഴടക്കി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. ഈ മത്സരവും ആവേശം നിറഞ്ഞതായിരുന്നു. ഇരു മത്സരങ്ങളും അവസാന ഓവർ വരെ നീണ്ടു.

ആദ്യ സെമിയിൽ 4 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 160 റൺസ് നേടാനേ സാധിച്ചുള്ളൂ. ആദ്യം ഒന്ന് പതറിയെങ്കിലും അവസാന ഘട്ടത്തിലെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *