Wednesday, April 16, 2025
Kerala

സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ്; 14 ഇനങ്ങൾ

സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണകിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വർഷം ഓണക്കിറ്റിൽ 14 ഇനങ്ങൾ ഉൾപ്പെടുത്തും. തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉൾപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. കിഫ്ബി വായ്പ സർക്കാരിന്റെ കടമല്ല. കിഫ്ബി കടം കേരളത്തിന്റെ കടമായി വ്യാഖ്യാനിക്കുന്ന കടമായി വിലയിരുത്തുന്നത് തെറ്റാണ്. ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തെ തടയാനുള്ള ശ്രമമാണിത്. വിലവർധനയ്ക്ക് കാരണമാകുന്ന ജിഎസ്ടി നിരക്ക് വർധന പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വർധനയ്ക്കും സർക്കാർ എതിരാണ്. ഈ ജിഎസ്ടി നിരക്ക് വർധന സംബന്ധിച്ച കമ്മിറ്റികളിൽ കേരളം വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു. പലതരം പ്രയാസങ്ങൾ അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ്. അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *