Thursday, January 23, 2025
Sports

ഏഷ്യാകപ്പും ലോകകപ്പും വിജയിക്കലാണ് ലക്ഷ്യം’; ടീമിനായി എന്തും ചെയ്യുമെന്ന് കോലി

ഏഷ്യാ കപ്പും ലോകകപ്പും വിജയിക്കലാണ് ലക്ഷ്യമെന്ന് ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി. ടീമിനായി എന്തും ചെയ്യാൻ തയ്യാറാണെന്നും കോലി പ്രതികരിച്ചു. സ്റ്റാർ സ്പോർട്സ് ആണ് കോലിയുടെ പ്രതികരണം പങ്കുവച്ചത്. ഏറെക്കാലമായി ഫോം കണ്ടെത്താനാതെ ബുദ്ധിമുട്ടുന്ന കോലി നിലവിൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

കോലിയ്ക്ക് ഫോം വീണ്ടെടുക്കാൻ സിംബാബ്‌വെ പര്യടനം തുണയാവുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസമാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പര്യടനത്തിനായി ഇന്ത്യ സിംബാബ്‌വെയിലേക്ക് പോകുന്നത്. പരമ്പരയിൽ യുവതാരങ്ങളെയാവും അയക്കുക. ഇവർക്കൊപ്പം കോലിയെയും ടീമിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ കോലി ഉൾപ്പെട്ടിട്ടില്ല. ഏകദിന പരമ്പരയിൽ നിന്ന് മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചപ്പോൾ ടി-20 പരമ്പരയിൽ നിന്ന് കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചു. ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്ന കോലി ഓഗസ്റ്റ് ഒന്ന് മുതൽ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നാണ് വിവരം.

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കോലി കടന്നു പോകുന്നത്. 2019 നവംബർ 23ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനു ശേഷം കോലി മൂന്നക്കം കടന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയിലും താരം ബുദ്ധിമുട്ടുകയാണ്. കളിച്ച രണ്ട് ടി-20കളിൽ യഥാക്രമം 1, 11 എന്നീ സ്കോറുകൾക്ക് പുറത്തായ കോലി ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസും മൂന്നാം മത്സരത്തിൽ 17 റൺസും നേടി പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *