ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം
മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജിന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി.
കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്‌ക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.