കോവിഡ് വാക്സിന്റെ പ്രാഥമിക ഫലം സുരക്ഷിതം; രണ്ടാംഘട്ട പരീക്ഷണം സെപ്റ്റംബറിൽ നടക്കും
ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്-19 വാക്സിനായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോർട്ട്. മനുഷ്യരിലെ ഒന്നാംഘട്ട ക്ലിനിക്കൽ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
വാക്സിൻ സ്വീകരിച്ച ആരിലും വിപരീത പ്രവർത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് റോത്തക്ക് പിജിഐയിലെ പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സവിത വെർമ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിന് തയാറാക്കിയത്.
രാജ്യത്തെ 12 കേന്ദ്രങ്ങളിലായി 375 പേരിലാണ് ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തിയത്. ഓരോരുത്തര്‍ക്കും രണ്ടു ഡോസ് വാക്സിൻ നൽകിയെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമാണെന്നും ക്ലിനിക്കൽ ട്രയൽ നടത്തുന്നവർ അറിയിച്ചു.