Saturday, October 19, 2024
World

റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക്; കരാര്‍ ഒപ്പുവെച്ചു

 

ന്യൂഡൽഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റഷ്യന്‍ ഓയില്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനാണ് കരാര്‍. ഇത് കമ്പനികള്‍ തമ്മലുള്ള കരാറാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യക്ക് ലഭ്യമായ ഏറ്റവും മികച്ച നിബന്ധനകളിലും വ്യവസ്ഥകളിലുമാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കുന്നത്. ഊര്‍ജ ആവശ്യത്തിന്റെ 80 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച ഇടപാടാണിത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇന്ധനവില വന്‍തോതില്‍ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓ്യയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്താനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

യുക്രൈന്‍ അധിനിവേഷത്തിന്റെ സാഹചര്യത്തില്‍, റഷ്യക്ക് മേല്‍ അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ അടക്കം രാജ്യങ്ങള്‍ക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ അത് തടസ്സമല്ല. ഇക്കാര്യം അമേരിക്ക തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.