ധോണിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി
ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടംതടത്തിൽ ടി ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചെയോടെ പുലി കുടുങ്ങിയത്.
കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തിയ പുലി കോഴിയെ പിടികൂടിയിരുന്നു. തുടർന്നാണ് ഈ പരിസരത്ത് തന്നെ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലി കുടുങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. പുലിക്കൂട് വനപാലകർ സ്ഥലത്ത് നിന്ന് മാറ്റി.
കൂട് മാറ്റുന്നതിനിടെ പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂട്ടിലായ പുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. പുലിയെ പറമ്പിക്കുളത്തെ വനത്തിൽ വിടാനാണ് ആലോചിക്കുന്നത്.