ഹൈദരലി തങ്ങളുടെ കബറടക്കം നാളെ; വൈകുന്നേരം അഞ്ച് മണി മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം
അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കും. ഭൗതിക ശരീരം കൊച്ചിയിൽ നിന്ന് മലപ്പുറത്ത് എത്തിച്ച ശേഷം വൈകുന്നേരം അഞ്ച് മണി മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. രാത്രിയിലും പൊതുദർശനം തുടരും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം.
1990 മുതൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചതോടെ 2009ലാണ് ലീഗിന്റെ സംസ്ഥാന അധ്യക്ഷനാകുന്നത്. ചന്ദ്രിക ദിനപത്രം മാനേജിംഗ് ഡയറക്ടറും സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ നേതാവുമായിരുന്നു അദ്ദേഹം.
വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലാ ഖാസി സ്ഥാനം അടക്കം ആയിരത്തോളം പള്ളി മഹല്ലുകളുടെ ഖാസിയാണ്. 1947 ജൂൺ 15നാണ് അദ്ദേഹം ജനിച്ചത്.