കിഷൻ, അയ്യർ ആറാട്ട്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ199 റൺസ് നേടി. ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും തകർത്തടിയിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്.
56 പന്തിൽ നിന്ന് പത്ത് ഫോറുകളും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 89 റൺസാണ് കിഷൻ അടിച്ചു കൂട്ടിയത്. 28 പന്തിൽ നിന്ന് 57 റൺസാണ് ശ്രേയസിന്റെ സംഭാവന. 32 പന്തിൽ 44 റൺസ് ക്യാപ്റ്റൻ രോഹിത് ശർമയും കൂട്ടിച്ചേർത്തു. ശ്രീലങ്കക്കായി ദസുൽ ശനക, ലഹിരു കുമാര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20 കളിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ സ്പിന്‍ ഓള് റൗണ്ടര്‍ ദീപക് ഹൂഡ ടി20 ടീമില്‍ അരങ്ങേറ്റം കുറിച്ചു.