സോമാലിയയിൽ ചാവേറാക്രമണം: 10 മരണം
സോമാലിയയിൽ ചാവേറാക്രമണത്തിൽ പത്തുപേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. സാമൂഹ്യകാര്യ വകുപ്പിന്റെ ഡെപ്യൂട്ടി ഡിസ്ട്രിക്ട്് കമ്മീഷണർ അബ്ദിറഹ്മാൻ കെയ്നാൻ ഉൾപ്പെടെയുള്ളവരാണു കൊല്ലപ്പെട്ടതെന്ന് സോമാലി റേഡിയോ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റസ്റ്ററന്റിലെത്തിയ സാധാരണക്കാരാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി.
മധ്യസോമാലിയൻ നഗരമായ ബെലിദ്വെയ്നിലെ ഹസൻ ദിഫ് റസ്റ്ററന്റിൽ കടന്നുകയറിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നു പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുക്കങ്ങൾക്കായി ഒട്ടേറെ ആളുകൾ നഗരത്തിലും റസ്റ്ററന്റിലും ഉണ്ടായിരുന്നു.