ചാനൽ വിലക്കിന്‍റെ കാരണം കേന്ദ്രം വ്യക്തമാക്കണം; വിലക്ക് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയവണ്‍ ചാനലിന്‍റെ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കിന്‍റെ കാരണം എന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
“ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്ന നില അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാജ്യസുരക്ഷാ കാരണങ്ങളാലാണ് നേരത്തെ കൊടുത്ത സ്റ്റേ ഒഴിവാക്കിയത് എന്നാണ് ഹൈക്കോടതി വെളിപ്പെടുത്തിയത്. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന എന്ത് കാര്യമാണ് ചാനല്‍ ചെയ്തതെന്ന് പറയുന്നുമില്ല. അത് രാജ്യസുരക്ഷാ കാരണങ്ങളാല്‍ പറയാന്‍ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. അത് അങ്ങേയറ്റം ശരിയല്ലാത്ത നടപടിയാണ്. അങ്ങനെയെങ്കില്‍ ഇന്നയിന്ന കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണം. ഒരു മാധ്യമ സ്ഥാപനത്തിന് അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും വേണം”- മുഖ്യമന്ത്രി പറഞ്ഞു.
ഗായിക ലതാ മങ്കേഷ്കറുടെ മൃതദേഹത്തിന് സമീപം പ്രാര്‍ഥിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വിദ്വേഷ പ്രചാരണത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു- “ഇത് നാം അതീവ ഗൗരവമായി കാണേണ്ട കാര്യമാണ്. നമ്മുടെ രാജ്യത്ത് വര്‍ഗീയത ഏതെല്ലാം തരത്തിലുള്ള ആപത്ത് സൃഷ്ടിക്കാന്‍ പോകുന്നെന്നുള്ള ദൃഷ്ടാന്തങ്ങളാണിത്. ഷാരൂഖ് ഖാന്‍ രഹസ്യമായല്ല ലതാ മങ്കേഷ്കറിന്‍റെ മൃതശരീരം കാണാന്‍ പോയത്. പരസ്യമായാണ്, അത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും വളരെ ആദരവോടെയാണ് അദ്ദേഹം നിലപാടുകള്‍ എടുത്തത്. പക്ഷേ അതിനെ എങ്ങനെ വര്‍ഗീയമായി ചിത്രീകരിക്കാമെന്നാണ് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള മാനസികാവസ്ഥയിലുള്ളവര്‍ നോക്കുന്നത്. ഇതൊരു സംഘടിതമായ നീക്കത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഭാഗമായി വലിയ ആപത്താണ് ഉയര്‍ത്തി കൊണ്ടുവരാന്‍ നോക്കുന്നത്”
കര്‍ണാടകയില്‍ ഹിജാബിന്‍റെ പേരില്‍ നടത്തുന്ന വര്‍ഗീയനീക്കങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു- “നമ്മളെല്ലാവരും വിദ്യാര്‍ഥി ജീവിതം പിന്നിട്ടവരാണല്ലോ. ആ ഒരു കാലം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുടെ കാലമല്ലല്ലോ. ഒരേ ക്ലാസ് മുറിയില്‍ എല്ലാ വിഭാഗവുമില്ലേ? ഏറ്റവും വലിയ മതനിരപേക്ഷതയുടെ വിളനിലമായല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ മാറേണ്ടത്. അതിനെയല്ലേ ഇപ്പോള്‍ അങ്ങേയറ്റത്തെ വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയിലുള്ള കുട്ടികളാക്കി മാറ്റാന്‍ ശ്രമം നടത്തിയിട്ടുള്ളത്. ചെറിയ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി കയറ്റിയാല്‍ അതുണ്ടാക്കുന്ന ആപത്ത് എത്ര വലുതായിരിക്കും. പക്ഷേ നാം കാണേണ്ടത് അത്തരം ആപത്തൊന്നും വര്‍ഗീയ ശക്തികള്‍ക്ക് പ്രശ്നമല്ല. അവര്‍ക്ക് അതാണ് വേണ്ടത്. അതിലൂടെ എത്ര കണ്ട് ഭിന്നത സൃഷ്ടിക്കാനാവും, അതിനാണ് അവരുടെ ശ്രമം. ഇവിടെയാണ് മതനിരപേക്ഷ ശക്തികളാകെ ജാഗ്രത പാലിക്കേണ്ടത്. ഈ വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയുമില്ലാത്ത സമീപനം സ്വീകരിച്ച് പോകാനും കഴിയണം. കൂടുതല്‍ ജാഗ്രതയോടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്ന് ഇതെല്ലാം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.