Thursday, January 23, 2025
Kerala

പെട്ടി മലയിൽ മൃതദേഹങ്ങൾ കണ്ടു പിടിക്കുന്നതിന് പോലീസ് നായകളും

പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്‍കൈയ്യെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പോലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ പെട്ടവരാണിവര്‍. മായ ഉള്‍പ്പെടെ രണ്ട് നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്റ്ലർ.

മൂന്നാറിലെത്തിയ ഡോണ എന്ന നായ് മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിംഗ് ലാബ്രഡോർ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് കഴിയും. ജോർജ് മാനുവൽ കെ.എസ്. ആണ് ഹാന്റ്ലർ. നാളെയും ഇവയുടെ സേവനം മൂന്നാറിൽ ലഭ്യമാക്കും. കാടിനുളളിലെ തെരച്ചിലിനും വിധ്വംസക പ്രവര്‍ത്തകരെയുംസ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള വിദഗ്ദ്ധ പരിശീലനവും നല്‍കുന്നുണ്ട്. പഞ്ചാബ് പോലീസിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്.

കേരള പോലീസിലെ എട്ട് നായ്ക്കള്‍ക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളില്‍നിയോഗിക്കപ്പെട്ട ഇവ ഇതിനകംതന്നെ അഞ്ച് കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞു.

സംസ്ഥാന പോലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൂടുതല്‍ നായ്ക്കളെ വാങ്ങി വിദഗ്ദ്ധ പരിശീലനം നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഉയര്‍ന്ന ബ്രീഡില്‍പ്പെട്ട എട്ട് നായ്ക്കുട്ടികളെയാകും ഉടനെ വാങ്ങുക. രക്ഷാപ്രവര്‍ത്തനത്തിൽ പ്രാധാന്യം നല്‍കിക്കൊണ്ടുളള പരിശീലനത്തിനുശേഷം ഇവയെ എട്ടുജില്ലകളില്‍ നിയോഗിക്കും.

സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും ഡോഗ് സ്ക്വാഡുകള്‍ ഉണ്ട്. 150 നായ്ക്കളാണ് കേരള പോലീസില്‍ ഉളളത്. കൂടാതെ സേനയില്‍ നിന്ന് വിരമിക്കുന്ന നായ്ക്കളുടെ വിശ്രമകേന്ദ്രമായ തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ വിശ്രാന്തിയില്‍ 19 നായ്ക്കള്‍ വിശ്രമജീവിതം നയിക്കുന്നുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *