കണ്ണൂർ വി സി നിയമനം: മന്ത്രി ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്, പക്ഷപാതപരമായി പെരുമാറിയിട്ടില്ല
കണ്ണൂർ വി സി നിയമന കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. മന്ത്രി ഗവർണർക്ക് മുന്നിൽ അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ലോകായുക്ത വിധി. മന്ത്രി നൽകിയത് നിർദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നൽകുന്നത് നല്ലതാകുമെന്ന് മാത്രമാണ്. ആ നിർദേശം ചാൻസലർ സ്വീകരിക്കുകയായിരുന്നു
ചാൻസലറായ ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ നിർദേശം തള്ളാമായിരുന്നു. മന്ത്രിയെന്ന നിലയിൽ ബിന്ദു പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായ വഴി സ്വീകരിച്ചെന്നതിന് വ്യക്തതയില്ല. പരാതിക്കാരനായ രമേശ് ചെന്നിത്തലയുടെ ഹർജി ലോകായുക്ത തള്ളുകയും ചെയ്തു.
മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്. മന്ത്രിയുടെ നിർദേശം ക്രമവിരുദ്ധമെന്നാണ് ചെന്നിത്തല ആരോപിച്ചിരുന്നത്.