മുല്ലപ്പെരിയാർ ഡാം; സുരക്ഷാ പരിശോധന നടത്തുന്നതിനെ തമിഴ്‌നാട് എതിർത്തു
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെയും മേല്‍നോട്ട സമിതിയെയും കുറ്റപ്പെടുത്തുന്ന നിലപാടുമായി തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും നിലനിര്‍ത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുകയാണെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. ഡാമിന് പരിസരത്തുള്ള മരങ്ങള്‍ മുറിക്കാനും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായും അനുമതി നല്‍കുന്നില്ലെന്നും തമിഴ്‌നാട് സുപ്രിംകോടതിയില്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷാ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെയും തമിഴ്‌നാട് എതിര്‍ത്തു. കേന്ദ്ര ജലകമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയില്‍ മറുപടി നല്‍കിയത്. സീപ്പേജ് അളവ് അനുവദനീയമായ നിലയില്‍ തന്നെയാണ്. ഡാമിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സുരക്ഷാ പരിശോധന നടത്താവൂ എന്ന നിലപാടിലാണ് തമിഴ്‌നാട്.
ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുമ്മായം അടര്‍ന്നുവീഴുന്നത് അനുവദനീയമായതിലും താഴെയുള്ള അളവിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഡാമിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും തമിഴ്‌നാട് സുപ്രിംകോടതിയില്‍ വ്യക്തമാക്കി.